കുണ്ടറ: കൊട്ടാരക്കര നഗരസഭ ഉറങ്ങുകയാണ്. കാരണം നഗരത്തിൽ എവിടെ നോക്കിയാലും കാണാനാവുക ഒടിഞ്ഞു തൂങ്ങിയ ബോർഡുകൾ, മറിഞ്ഞുവീഴാറായ പോസ്റ്റുകൾ, കാട് പിടിച്ചുകിടക്കുന്ന ഫുട്പാത്തുകൾ, റോഡിന് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഉപയോഗ ശൂന്യമായ പോസ്റ്റുകൾ, ഫുട്പാത്ത് കൈയേി സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ, ഫുട്പാത്തിലേക്കു വീഴാറായി നിൽക്കുന്ന പരസ്യ ബോർഡുകൾ, നഗരത്തിന്റെ ഹൃദയഭാഗത്തും നഗരസഭാ ഓഫിസിനു മുന്നിലും പലയിടങ്ങളിലായി കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ എന്നിവയാണ്. ഒറ്റവാക്കിൽപ്പറഞ്ഞാൽ അടിമുടി അനാസ്ഥ.
എംസി റോഡിൽ പുലമൺ ജംഗ്ഷനിൽനിന്നു തിരുവനന്തപുരത്തേക്ക് പോകുന്ന ഭാഗത്ത് ഒന്നിലേറെ ബോർഡുകൾ മറിഞ്ഞുവീഴാറായി നിൽക്കുന്ന അവസ്ഥയാണ്. അവയാകട്ടെ റോഡിനു നടുവിലുമാണ്. വാഹനപ്പെരുപ്പം മൂലം ഞെങ്ങി ഞെരുങ്ങിപ്പോകുന്ന സമയത്ത് ഏതെങ്കിലും ഒരു ഇരുചക്രവാഹന യാത്രികൻ ഡിവൈഡറിലേക്ക് വീണാൽ റോഡിലേക്കു തള്ളിനിൽക്കുന്ന ഏതെങ്കിലും പരസ്യ ബോർഡ് ദേഹത്ത് തുളച്ചുകയറുമെന്നുറപ്പ്.
കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിന് മുൻവശം പുനലൂർ റൂട്ടിലെ ഡിവൈഡറിൽ പോസ്റ്റിൽ ഒരു വിറക് കഷ്ണം കെട്ടിവെച്ച ശേഷം അതിൽനിന്ന് കയർ കെട്ടി ബലപ്പെടുത്തിയാണ് പരസ്യ ബോർഡുകൾ മറിഞ്ഞുവീഴാതെ വച്ചിരിക്കുന്നത്. അതിനുമുമ്പിൽ ഡിവൈഡറിന്റെ തുടക്ക ഭാഗത്ത് ഒരു സൈൻ ബോർഡിൽ മറ്റൊരു സൈൻ ബോർഡ് കെട്ടിവച്ചിരിക്കുന്ന അവസ്ഥയിലും ആ സൈൻ ബോർഡിന്റെ ഫ്ലക്സ് കീറിഇളകി ഇരുമ്പ് കമ്പി അപകടകരമായ രീതിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലുമാണ്. നഗരം മുഴുവനും പരസ്യബോർഡുകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ചപ്പുചവറുകൾ ശേഖരിച്ച് നഗരത്തിന്റെ ഹൃദയഭാഗത്ത് കൂന കൂട്ടിവച്ചിരിക്കുന്നതു കാണണമെങ്കിൽ കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശം കൊല്ലം ഭാഗത്തേക്ക് വരുന്ന ഭാഗത്ത് ഗ്യാരേജിനു മുന്നിലെത്തിയാൽ മതി ആ അസുലഭ കാഴ്ച കാണാൻ. ഗാരേജിന്റെ വഴിയും ഫുട്പാത്തും കൂടി കൈയേറി വൻമാലിന്യ ശേഖരമാണ് ഇവിടെ കുന്നുകുട്ടിയിരിക്കുന്നത്. അധികാരികൾക്ക് ഒരു പക്ഷേ ഇതൊക്കെ അലങ്കാരമായി തോന്നാം. പക്ഷേ ജനങ്ങൾക്കിത് ദുരിതമാണു സമ്മാനിക്കുന്നത്. നഗരസഭ കാര്യാലയത്തിന് എതിർവശത്തും മാലിന്യങ്ങളുടെ വലിയൊരു കൂന കാണാം. നഗരസഭ കാര്യാലയത്തിന്റെ കവാടത്തിനോട് ചേർന്ന് വർഷങ്ങളായി നിൽക്കുന്ന വ്യാപാര ഷെഡുകൾ ഫുട്പാത്ത് പൂർണമായും കൈയേറിയാണ് ഇത് ചെയ്തിരിക്കുന്നത്. അതിനപ്പുറവുമായി പാനിപൂരി, ലോട്ടറി, മീൻ കച്ചവടം എല്ലാം നിരനിരയായുണ്ട്. ഈ പറഞ്ഞതെല്ലാം നഗരസഭാ കാര്യാലയത്തിന്റെ കവാടത്തിലാണെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. കൊട്ടാരക്കരയെ സംബന്ധിച്ചിടത്തോളം എല്ലാ ബിസിനസ് സ്ഥാപനങ്ങളും റോഡിനോട് ചേർന്നാണ് നിൽക്കുന്നത്. അതിനിടയിലാണ് ഉള്ളഫുട്പാത്തു കൂടി കയ്യേറി കെഎസ്ഇബി ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിരിക്കുന്നത്. കൊട്ടാരക്കര നഗരത്തിലെ എല്ലാ ട്രാൻസ്ഫോർമറുകളും ഫുട്പാത്ത് കൈയേറിയാണ് സ്ഥാപിച്ചിരിക്കുന്നത്. വലിയൊരു ദുരന്തം പോലും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇത് സൃഷ്ടിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് താലൂക്ക് ആശുപത്രിയുടെ മുന്നിൽനിന്ന് ചന്തമുക്ക് വരെയുള്ള റോഡിൽ മിക്ക കേബിൾ ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു മറിഞ്ഞു വീഴാറായി നിൽക്കുന്ന അവസ്ഥയിലാണ്.
ഒന്നോ രണ്ടോ കനംകുറഞ്ഞ സർവീസ് വയറുകൾ കൊടുക്കേണ്ട പോസ്റ്റുകളിൽ ഹെവി ഡ്യൂട്ടി രണ്ടിഞ്ചോളം കനം വരുന്ന വലിയ കേബിളുകളുടെ നിരവധി കണക്ഷൻ കൊടുത്തിരിക്കുന്നതിനാൽ പോസ്റ്റുകൾക്ക് താങ്ങാൻ കഴിയാതെ റോഡിലേക്ക് ചാഞ്ഞ അവസ്ഥയിലാണ്. ഒപ്പം ചന്തമുക്കിൽ ചന്തയ്ക്ക് നേരെ എതിർഭാഗത്ത് റോഡിന്റെ മധ്യഭാഗത്തായി ഉപയോഗശൂന്യമായ ടെലികോമിന്റെ പോസ്റ്റും ട്രാഫിക്ക് സിഗ്നലി ന്റെ എതിർവശമായി റോഡിലേക്ക് മറിയാറായി നിൽക്കുന്ന പോസ്റ്റും കാണാം.
നഗരപ്രദേശത്ത് നിന്നും കുണ്ടറ ഭാഗത്തേക്ക് വരുമ്പോൾ റെയിൽവേ ഓവർ ബ്രിഡ്ജിന് ഇരുവശവും അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന പരസ്യബോർഡുകൾ കാണാം. നെടുവത്തൂർ ഭാഗത്ത് ഫുട്പാത്ത് പൂർണമായും കാടുമുടിയ അവസ്ഥയിലാണ്.
റോഡിന്റെ സൈഡിലെ വെള്ള വരയുടെ ഭാഗം വരെ കാടുമൂടി നിൽക്കുകയാണ്. ഈ പറഞ്ഞതെല്ലാം നഗരത്തിന്റെ ഹൃദയഭാഗത്തെ കാര്യമാണ്. അപ്പോൾ മറ്റു ഭാഗങ്ങളിലേത് ഇതിലും എത്രയോ കഷ്ടമായിരിക്കും. ഈ അവസ്ഥ മാറണമെങ്കിൽ നഗരസഭാ അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.